ജാതി സെന്‍സസ്: ബീഹാര്‍ സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം ജൂണ്‍ 1ന്; ബിജെപിയും പങ്കെടുക്കും

Update: 2022-05-25 04:40 GMT

പട്‌ന: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം പരിഗണിക്കുന്നതിനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷിയോഗം ജൂണ്‍ 1ന് നടക്കുമെന്ന് ബീഹാര്‍ പാര്‍ലമെന്ററി കാര്യമന്ത്രി വിജയ് കുമാര്‍ ചൗധരി. ജാതി സെന്‍സസിന് എതിരായിരുന്ന ബിജെപിയും യോഗത്തിനെത്തുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ പാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ മെയ് 27ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ജാതി സെന്‍സസില്‍ ഓരോരുത്തരുടെയും കാഴ്ചപ്പാട് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് യോഗം വിളിക്കുന്നത്.

ജൂണ്‍ 1ന് യോഗം വിളിക്കാന്‍ ബിജെപി സമ്മതിച്ചതിനുപിന്നാലെയാണ് മന്ത്രി യോഗതീരുമാനം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കുമെന്നും എല്ലാ പാര്‍ട്ടികളും തങ്ങളെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജാതി സെന്‍സസ് ഉപയോഗപ്പെടുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതീക്ഷപ്രകടിപ്പിച്ചു.

ആര്‍ജെഡിയും ജെഡിയുവും ജാതി സെന്‍സസിന്റെ പ്രധാനവക്താക്കളാണ്. ബിജെപിക്ക് ഇക്കാര്യത്തില്‍ രണ്ട് മനസ്സാണ്. ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിതീഷ്‌കുമാര്‍ കണ്ടിരുന്നു.

ജെഡിയുവും ബിജെപിയും ബീഹാറില്‍ സഖ്യകക്ഷികളാണ്.

Tags:    

Similar News