ജാതി അധിക്ഷേപം: തമിഴ്‌നാട്ടില്‍ പതിനൊന്നുകാരനെ സവര്‍ണ വിദ്യാര്‍ത്ഥികള്‍ തീയിലേക്ക് തള്ളി; മൂന്ന് കുട്ടികള്‍ക്കെതിരേ കേസ്

Update: 2022-05-11 17:30 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ പതിനൊന്നു വയസ്സുള്ള ആറാം ക്ലാസുകാരനെതിരേ ജാതി അധിക്ഷേപവും മര്‍ദ്ദനവും. തമിഴ്‌നാട്ടില്‍ തിണ്ടിവനത്താണ് സവര്‍ണരായ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആറാം ക്ലാസുകാരനായ പതിനൊന്നുവയസ്സുകാരനെ മര്‍ദ്ദിച്ചശേഷം തീയിലേക്ക് തള്ളിയത്.

കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ആക്രമണം നടത്തിയ മൂന്ന് പേരെയും പോലിസ് അറസ്റ്റ് ചെയ്ത് പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധനനിയമപ്രകാരം കേസെടുത്തു.

കെട്ടുചിവിരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അതേ സ്‌കൂളിലെ ദലിത് കുട്ടിയെ ആക്രമിച്ചത്.

ആറാം ക്ലാസുകാരന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് അറസ്റ്റിലായ മൂന്ന് സവര്‍ണ കുട്ടികള്‍ അവനെ കണ്ടു. അവര്‍ ജാതിഅധിക്ഷേപം നടത്തുകയും മര്‍ദ്ദിച്ച ശേഷം കത്തുന്ന ചുള്ളപ്പടര്‍പ്പിലേക്ക് തള്ളിയിടുകയും ചെയ്തു.

പൊള്ളലേറ്റ കുട്ടി തൊട്ടടുത്ത ജലസംഭരണിയിലേക്ക് ചാടിയതുകൊണ്ട് കൂടുതല്‍ പൊള്ളിയില്ല.

വീട്ടിലെത്തിയിട്ടും കുട്ടി തന്റെ അനുഭവം ആരോടും പറഞ്ഞില്ല. അബദ്ധത്തില്‍ പൊള്ളിയെന്നാണ് കുട്ടി പറഞ്ഞത്. ഒടുവില്‍ ഡോക്ടറാണ് ജാതിപീഡനത്തിനിരയായതാണെന്ന കാര്യം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവാണ് കേസ് നല്‍കിയത്. 

Tags:    

Similar News