മുഖ്യമന്ത്രിക്കെതിരേ ജാതി അധിക്ഷേപം: കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എ വിജയരാഘവന്‍

Update: 2021-02-05 03:49 GMT

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ കെ സുധാകരനോടുള്ള നിലപാട് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സാംസ്‌കാരിക കേരളത്തിന് അപമാനകരമായ പരാമര്‍ശങ്ങളാണ് കെ സുധാകരന്‍ നിരന്തരം നടത്തുന്നത്. കോണ്‍ഗ്രസ് ജാഥയില്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുകയാണ്. പാര്‍ലമെന്റംഗം കൂടിയാണ് അത്യന്തം ഹീനമായ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നത് ഗൗരവമുള്ള വിഷയമാണ്. ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത രീതിശാസ്ത്രമാണ് സുധാകരന്‍ സ്വീകരിച്ചത്. ഈ നിലപാടിനോട് കോണ്‍ഗ്രസ് പാര്‍ടി അവരുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

''നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഈ പരിഷ്‌കൃത കാലത്ത് ഇത്തരം വാക്കുകള്‍ ഉപയോഗപ്പെടുത്തിയത് അപലപിക്കേണ്ട ഒന്നാണ്. കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെക്കുറിച്ചുള്ള ബോധക്കുറവ് കൊണ്ടാണ് സുധാകരന്‍ ഇങ്ങനെ സംസാരിക്കുന്നത്. ബാക്കിയുള്ളവരും ഇതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്''- അദ്ദേഹം പറഞ്ഞു.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വേണ്ടിയിരിക്കുന്നു എന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. തലശ്ശേരിയിലെ കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പരിഹസിച്ചു.

ഷാനിമോള്‍ ഉസ്മാന്‍, രമേശ് ചെന്നിത്തല എന്നിവര്‍ പരസ്യമായി സുധാകരനെതിരേ രംഗത്തുവന്നു. എന്നാല്‍ പിന്നീട് ചെന്നിത്തല നിലപാട് തിരുത്തി.

Tags:    

Similar News