പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസ് ; 'സൗത്ത് ടെറര്‍' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

കേസന്വേഷണം എടിഎസില്‍ നിന്ന് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അന്‍സാദ് ബദറുദ്ദീന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്.

Update: 2021-08-02 12:51 GMT

അലഹബാദ്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 'സൗത്ത് ടെറര്‍' എന്ന പദം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഈ പദപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, അജയ് കുമാര്‍ ശ്രീവാസ്തവ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇത്തരം വാക്കിന്റെ ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കേസന്വേഷണം എടിഎസില്‍ നിന്ന് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അന്‍സാദ് ബദറുദ്ദീന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമായ രീതിയിലല്ല നടത്തുന്നതെന്ന് ബദറുദ്ദീന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പിഎഫ്‌ഐ അംഗമായതിനാല്‍ സംസ്ഥാന സര്‍ക്കാറും അന്വേഷണ ഏജന്‍സിയും മുന്‍വിധിയോടെയും പക്ഷപാതപരമായിട്ടുമാണ് പെരുമാറുന്നതെന്നും ആരോപിക്കുകയും ചെയ്തു.

അന്‍സാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നീ മലയാളികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഫെബ്രുവരി 16നാണ് യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. എന്നാല്‍ ആര്‍എസ്എസ് തിരക്കഥയുടെ ഭാഗമാണ് അറസ്‌റ്റെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞിരുന്നു. ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. മലയാളികളായ ഈ രണ്ടു പ്രവര്‍ത്തകരും സംഘടനാ വ്യാപനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളും ബിഹാറും സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 11ന് പുലര്‍ച്ചെ 5:40 ന് ബിഹാറിലെ കത്തിഹാറില്‍ നിന്നും മുംബൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകിട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ഫെബ്രുവരി 16ന് രാവിലെ ഇവരുടെ കുടുംബങ്ങള്‍ കേരള പൊലീസിന് പ്രാദേശിക സ്‌റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയതതിനു കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണമെന്ന കള്ളക്കഥ അവതരിപ്പിച്ചതും. കോടതിയിലും ഇതേ കഥകളാണ് യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആവര്‍ത്തിക്കുന്നത്.

Tags:    

Similar News