പിതാവിനെ തോളിലേറ്റി മകന്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Update: 2020-04-15 14:46 GMT

കൊല്ലം: പുനലൂര്‍ ജില്ലാ ആശുപത്രി വളപ്പില്‍ ഓട്ടോറിക്ഷ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് വയോധികനായ പിതാവിനെ തോളിലേറ്റി മകന് ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കൊല്ലം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ പുനലൂരാണ് സംഭവമുണ്ടായത്. പുനലൂരില്‍ പോലിസ് പരിശോധനക്കിടെ വാഹനം കടത്തി വിടാതെ വന്നതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പിതാവിനെ തോളിലേറ്റി നടക്കാന്‍ മകന്‍ നിര്‍ബന്ധിതനായത്.

കുളത്തൂപ്പുഴ സ്വദേശി ജോര്‍ജ്ജി (80) നെയാണ് മകന് പൊരിവെയിലില്‍ ചുമക്കേണ്ടിവന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോര്‍ജിനെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി മകന്‍ കുളത്തുപ്പുഴയില്‍ നിന്നും ഓട്ടോയുമായാണ് പുനലൂരിലേക്ക് വന്നത്. പിതാവിനെ കൊണ്ടുപോകാന്‍ വന്നതാണന്ന് പറഞ്ഞിട്ടും വണ്ടി കടത്തിവിടാന്‍ പോലിസ് തയാറായില്ല. തുടര്‍ന്ന് പിതാവിനെ ചുമന്ന് ടിബി ജങ്ഷനില്‍ എത്തിച്ചശേഷമാണ് വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ടു പോയത്. 

Tags:    

Similar News