മുസ് ലിം ജഡ്ജ് പ്രതിക്ക് ജാമ്യം നല്‍കിയെന്ന് പ്രസംഗിച്ച യുവമോര്‍ച്ചാ നേതാവിനെതിരേ കലാപാഹ്വാനത്തിന് കേസ്

Update: 2022-02-24 14:11 GMT

പാലക്കാട്; കിണാശേരി മമ്പറത്ത് ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്ത് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കിയതില്‍ ജഡ്ജിക്കെതിരേ മതവിദ്വേഷപ്രസംഗം നടത്തിയ യുവമോര്‍ച്ചാ നേതാവിനെതിരേ പാലക്കാട് പോലിസ് കേസെടുത്തു.

യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ഒന്നാം പ്രതിയാക്കിയാണ് പോലിസ് കേസെടുത്തിട്ടുള്ളത്. നവീന്‍, ഹരിദാസ്, നന്ദകുമാര്‍, കവിത, പ്രിയ അജയന്‍, മിനി കൃഷ്ണകുമാര്‍, അജേഷ് ബാബു കെ എം പ്രതീഷ്, കെ ഷിനു, ഐശ്വര്യ തുടങ്ങിയവരും കണ്ടാലറിയാവുന്ന 60 പേര്‍ക്കും എതിരേയാണ് കേസെടുത്തിട്ടുള്ളത്.

കലാപാഹ്വാനത്തിനു പുറമെ ക്രമസമാധാനനില തകര്‍ക്കുന്ന തരത്തില്‍ യോഗം ചേരല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.

ജനുവരി 12ാം തിയ്യതി പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്നുവെന്നും സഞ്ജിത്ത് വധക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയ ജഡ്ജിക്കെതിരേ മതവിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നുമാണ് കേസ്. വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച് പ്രകടനമായി പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്‌റ്റേഷനു സമീപമാണ് പ്രതികള്‍ യോഗം ചേര്‍ന്നത്. ലഹള ഉണ്ടാക്കണമെന്ന് പ്രതികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നതായി പോലിസ് പറയുന്നു.

പാലക്കാട് കല്‍പ്പാത്തിയിലെ കാജാ ഹുസൈന്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. സമാനമായ പരാതി കുന്നംപുറം ജബ്ബാർ എന്നയാളും നല്‍കിയിരുന്നു. ആ പരാതിയിലാണ് കേസെടുത്തത്. കാജാ ഹുസൈന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പോലിസ് കേസെടുത്ത വിവരം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.