ഫ്‌ലാറ്റ് നിര്‍മാണ വാഗ്ദാനത്തില്‍ തട്ടിപ്പ് ആരോപണം; ഷിബു ബേബി ജോണിനെതിരേ കേസ്
തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരേ ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി. കുമാരപുരം സ്വദേശി കെ അലക്‌സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു.
തിരുവനന്തപുരം ചാക്ക-കഴക്കൂട്ടം ബൈപ്പാസില്‍ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള 40 സെന്റ് ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കുന്നതിനായി 'ആന്റ ബില്‍ഡേഴ്‌സ്' എന്ന നിര്‍മാണ കമ്പനിയുമായി ധാരണയിലെത്തിയിരുന്നുവെന്നാണ് പരാതി. ഫഌറ്റുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ ശേഷം ലാഭവിഹിതം പങ്കിടുക എന്നതായിരുന്നു കരാര്‍. ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2020ല്‍ രണ്ടുതവണയായി 15 ലക്ഷം രൂപ ആന്റ ബില്‍ഡേഴ്‌സിന് കൈമാറിയതായും, ധാരണാപത്രത്തില്‍ ഒപ്പിടുന്ന സമയത്ത് ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും അലക്‌സ് പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ വന്നുവെന്നും പരാതിയിലുണ്ട്.
ഇതിനിടെ, ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പണം തിരികെ ആവശ്യപ്പെട്ട് അലക്‌സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തില്‍ ഇത് സിവില്‍ കേസാണെന്ന് വിലയിരുത്തി കേസെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പരാതിക്കാരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വീണ്ടും പരാതി നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, താന്‍ ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും നിര്‍മാണ കമ്പനി പണം സ്വീകരിച്ചിട്ടുണ്ടോ എന്നതില്‍ തനിക്കറിയില്ലെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. നേരത്തെ സിവില്‍ കേസ് എന്ന് പറഞ്ഞ് തള്ളിയ പരാതി പിന്നീട് കേസാക്കിയതില്‍ രാഷ്ട്രീയ പ്രേരണയുണ്ടെന്നും തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
