നൂറോളം തെരുവുനായ്ക്കള്‍ക്ക് വിഷംകൊടുത്ത് കൊന്നു; സര്‍പഞ്ചിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരേ കേസ്
ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ കിഷ്ത്പുര്‍ ഗ്രാമത്തില്‍ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. ഗ്രാമമുഖ്യനും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്നാണ് തെരുവുനായ്ക്കളെ കൊല്ലാന്‍ പദ്ധതിയിട്ടത്. സംഭവത്തില്‍ മൃഗസംരക്ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമത്തിലെ സര്‍പഞ്ചിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് തെരുവുനായ്ക്കളെ കൊല്ലാനുള്ള നടപടികള്‍ക്ക് മുന്‍കൈ എടുത്തതെന്നാണ് വിവരം. പുറത്തുനിന്ന് രണ്ടു പേരെ എത്തിച്ച് നായ്ക്കള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തുകയും പിന്നീട് സമീപത്തെ നദിക്കരയില്‍ കുഴിച്ചുമൂടുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളെ വ്യാപകമായി കൊന്നൊടുക്കുന്ന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗ്രാമപഞ്ചായത്ത് സര്‍പഞ്ചുകള്‍ക്കെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.