ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി തുന്നിക്കെട്ടിയ സംഭവം; സ്വകാര്യ ആശുപത്രിക്കെതിരേ കേസ്

Update: 2026-03-07 07:48 GMT

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ തുണി മറന്നുവച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേയാണ് നടപടി. മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ പരാതിയില്‍ കഴക്കൂട്ടം പോലിസാണ് കേസെടുത്തത്.

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ഷീബ പ്രമോദ് ചികില്‍സ തേടിയത്. സ്‌കാനിംഗില്‍ അപ്പെന്‍ഡിസൈറ്റിസ് പൊട്ടി പഴുത്ത നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. തുടര്‍ന്ന് ഡിസംബര്‍ 12നു ശസ്ത്രക്രിയ നടത്തി രോഗിയെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുന്ന അവസ്ഥയിലായിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും വയറുവേദന ശമിക്കാത്തതിനെ തുടര്‍ന്ന് ഷീബ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. അവിടെ പത്തു ദിവസം ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് വയറ്റിനുള്ളില്‍ തുണി ഉണ്ടെന്ന് കണ്ടെത്തിയത്.

ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ആരോപണം നിഷേധിക്കുകയും മറ്റൊരു ആശുപത്രിയില്‍ ചികില്‍സ തേടുന്നതിനിടെ ഉണ്ടായതാകാമെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ സ്‌കാനിംഗ് റിപോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകള്‍ കാണിച്ചതിന് പിന്നാലെ പണം ഈടാക്കാതെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കാമെന്ന് സിഎസ്‌ഐ ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്ന തുണി മൂന്നു മാസം നീണ്ട വേദനയ്ക്ക് ശേഷമാണ് വീണ്ടും നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

Tags: