പോലിസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരേ കേസ്; വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി

Update: 2021-07-28 12:09 GMT

കൊല്ലം: ചടയമംഗലത്ത് പോലിസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരേ കേസെടുത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ പോലിസിനോട് റിപ്പോര്‍ട്ട് തേടി . 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് വനിതാ കമ്മീഷന്റെ നിര്‍ദേശം. കേസില്‍ പെണ്‍കുട്ടിക്കെതിരെ ചുമത്തിയ വകുപ്പുകളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്.


കഴിഞ്ഞ ദിവസം ചടയമംഗലത്തെ ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ വരിനിന്ന ആളുമായി പോലിസ് തര്‍ക്കിക്കുന്നത് കണ്ടാണ് ഇടക്കുപാറ സ്വദേശിനിയായ 18കാരി വിഷയത്തില്‍ ഇടപെട്ടത്. അന്യായമായി പിഴ രസീതി നല്‍കിയത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടിക്കെതിരെയും പോലിസ് പിഴ ചുമത്തി. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി. കൂടാതെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്.




Tags: