പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കാര്‍ മോഷണം; പിന്നാലെ പാഞ്ഞ് പിടികൂടി പോലിസ്
വയനാട്: പട്ടാപ്പകല്‍ സര്‍വ്വീസ് സെന്ററിനകത്തുനിന്ന് ആഡംബര കാര്‍ മോഷ്ടിച്ച് സിനിമാ സ്‌റ്റൈലില്‍ പാഞ്ഞ കളളനെ മണിക്കൂറുകള്‍ക്കകം പോലിസ് പിടികൂടി. കോഴിക്കോട് - ബാംഗ്ലൂര്‍ റോഡില്‍ വാരിയാടുളള സര്‍വ്വീസ് സെന്ററിലാണ് സംഭവം. പോലിസ് അറിയിക്കുംവരെ മോഷണവിവരം സര്‍വീസ് സെന്റര്‍ ജീവനക്കാരും ഉടമയും അറിഞ്ഞിരുന്നില്ല. ബത്തേരി സ്വദേശിയുടെ പുതിയ ഇന്നോവ കാറാണ് കളളന്‍ സര്‍വ്വീസ് സെന്ററില്‍ നിന്നു കവര്‍ന്നത്. ബാംഗ്ലൂര്‍ സൗത്ത് സ്വദേശിയായ പിലാക്കല്‍ നസീറാണ് പോലിസ് പിടിയിലായത്.
സര്‍വ്വീസ് കഴിഞ്ഞ് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ കളളന്‍ കൊണ്ടുപോയത്. മീനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ കൃഷ്ണഗിരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ ഉദ്യോഗസ്ഥര്‍ ക്യാമറ ഉപയോഗിച്ച് പതിവ് പരിശോധന നടത്തി. അമ്പലവയല്‍ ആയിരംകൊല്ലി ജംഗ്ഷനില്‍ വച്ച് മോഷണം പോയ വാഹനം അമിതവേഗത്തില്‍ വരുന്നതു കണ്ട ഉടന്‍ വാഹനത്തെ പിന്തുടര്‍ന്നു. നാട്ടുകാരുടെ സഹായത്തോടെ തടയാന്‍ ശ്രമിച്ചെങ്കിലും കളളന്‍ സിനിമാ സ്‌റ്റൈലില്‍ വാഹനം ഓടിച്ച് വണ്ടിയുമായി രക്ഷപ്പെട്ടു. വാഹനം മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലേയ്ക്കാണ് പോകുന്നതെന്ന് മനസിലാക്കിയ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ മേപ്പാടി സ്റ്റേഷനില്‍ വിളിച്ച് എല്ലാ റോഡും ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മുട്ടില്‍ വഴി മേപ്പാടിക്ക് പോകുന്ന ഇടറോഡിലൂടെ ഓടിച്ചുവന്ന കാര്‍ മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് മിനിട്ടുകള്‍ക്കകം പിടികൂടി. ഒരേ മോഷണശൈലി പിന്തുടരുന്ന സ്ഥിരം കുറ്റവാളിയായ നസീറിന് ബാംഗ്ലൂരില്‍ ധാരാളം കേസുകള്‍ ഉളളതായി മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ.കെ.അബ്ദുള്‍ ഷരീഫ് പറഞ്ഞു.