കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മോനിപ്പള്ളിക്ക് സമീപം എംസി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില്‍ ആറ്റിക്കലില്‍ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഏറ്റുമാനൂര്‍ നീണ്ടൂര്‍ ഓണംതുരുത്ത് കുറുപ്പന്‍ പറമ്പില്‍ സുരേഷും കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. മരിച്ചവര്‍ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു. കോട്ടയം-കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തി കാര്‍ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.