മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

Update: 2022-11-24 04:01 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബാലരാമപുരം മണ്ണക്കല്ലില്‍ ബുധനാഴ്ചയാണ് സംഭവം. മണ്ണക്കല്ല് സ്വദേശി കിരണാണ് കാര്‍ ഓടിച്ചത്. അമിതവേഗതയിലെത്തിയ കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ മണ്ണക്കല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടര്‍ന്ന് ശാരദയുടെ കാലിന് പൊട്ടലുണ്ട്.

അപകട ശേഷം കാര്‍ നിര്‍ത്താതെ വീട്ടിലേക്ക് ഓടിച്ചുപോയ യുവാവിനെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞുവച്ച് പോലിസിന് കൈമാറി. 53 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണക്കല്ല് തോട് വൃത്തിയാക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് കിരണ്‍ അമിതവേഗതയില്‍ കാറോടിച്ച് വന്നത്. കാര്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാര്‍ വരുന്നത് കണ്ട് മറ്റ് തൊഴിലാളികള്‍ ഓടിമാറിയതിനാലാണ് വന്‍ അപകടമൊഴിവായത്.

Tags:    

Similar News