സ്വര്‍ണക്കടത്തില്‍ ആരോപിതനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കും; എംഎല്‍എ സ്ഥാനത്ത് തുടരാന്‍ സജി യോഗ്യനല്ലെന്നും കെ സുധാകരന്‍

ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാന്‍ രാജി വെച്ചതെന്ന് സംശയമുണ്ട്

Update: 2022-07-06 14:08 GMT

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെച്ച നടപടി സ്വാഗതാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി. രണ്ടാം വിക്കറ്റ് ഉടന്‍ വീഴും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്നും സുധാകരന്‍ പരിഹസിച്ചു. തിരുവനന്തപുരം പേട്ട വസതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വെച്ചതെന്ന് സംശയമാണ്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ സജി ചെറിയാന്‍ തയ്യാറാവാതിരുന്നത് നിര്‍ഭാഗ്യകരമാണ്. പ്രസംഗത്തെ ന്യായീകരിക്കുന്നതിന്റെ വൈരുധ്യം സിപിഎം പരിശോധിക്കണം. സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. സത്യസന്ധമായി ഉള്ളില്‍ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉള്‍കൊള്ളാന്‍ സജി ചെറിയാന്‍ തയ്യാറാവണം.

മന്ത്രി പദവി അദ്ദേഹം രാജി വെച്ചത് ആരോടോ വാശി തീര്‍ക്കാന്‍ പോലെയാണ് തോന്നിയത്. എംഎല്‍എ സ്ഥാനത്ത് തുടരാനും സജി ചെറിയാന്‍ യോഗ്യനല്ല. അക്കാര്യത്തില്‍ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. 

Tags: