ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

Update: 2022-09-19 12:41 GMT

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. ഇന്ന് രാവിലെ അദ്ദേഹം ബിജെപി നേതാവ് ജെ പി നദ്ദയെ കണ്ടിരുന്നു.

അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്സാണ് ഔദ്യോഗികമായി ബിജെപിയില്‍ ലയിച്ചത്. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

അമരീന്ദറിന്റെ കൂടെ ഏഴ് മുന്‍ എംഎല്‍എമാരും ഒരു എംപിയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മല്‍സരിച്ചിരുന്നെങ്കിലും അമരീന്ദറിനും പാര്‍ട്ടിക്കും നേട്ടമുണ്ടാക്കാനായില്ല. അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമായ പാട്യാല അര്‍ബനില്‍നിന്നാണ് മല്‍സരിച്ചത്.

ഒരു സര്‍ജറിക്കുവേണ്ടി ലണ്ടനിലായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ ഏതാനും ദിവസം മുമ്പാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു.

പാട്യാല രാജകുടുംബാംഗമായ അമരീന്ദര്‍ രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്.