'ബുര്‍ഖ ധരിച്ച് അകത്ത് കയറാന്‍ പറ്റില്ല'; മുസ് ലിം സ്ത്രീക്ക് പ്രവേശനം നിഷേധിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി

ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് സംഭവം

Update: 2025-11-08 07:39 GMT

ന്യൂഡല്‍ഹി: മുസ് ലിം സ്ത്രീക്ക് പ്രവേശനം നിഷേധിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആശുപത്രിക്കെതിരേ ഉയരുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് തബ്സ്സും എന്ന സ്ത്രീ ജിടിബി ആശുപത്രിയിലെത്തിയത്. ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച തന്റെ സഹോദരഭാര്യയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അവര്‍. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ഔദ്യോഗിക ഗേറ്റ് പാസ് നേടിയിരുന്നുവെന്ന് അവരുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍, പ്രവേശന കവാടത്തിനടുത്തെത്തിയപ്പോള്‍, ആശുപത്രിയിലെ വനിതാ സുരക്ഷാ ജീവനക്കാര്‍ അവരെ തടയുകയും ബുര്‍ഖ ധരിച്ച് അകത്തുകയറാന്‍ പാടില്ലെന്നും പറഞ്ഞു. എന്നാല്‍ ബുര്‍ഖ ധരിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച സ്ത്രീയോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവര്‍ വിസ്സമ്മതിച്ചതായും യുവതി പറയുന്നു. ആശുപത്രിയില്‍ ബുര്‍ഖ അനുവദനീയമല്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞെന്നും യുവതി പറഞ്ഞു

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. 'വസ്ത്രധാരണത്തിന്റെ പേരില്‍ ഒരു മുസ ലിം സ്ത്രീക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. അപകടകരമായ ഒരു മാനസികാവസ്ഥയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,'സാമൂഹിക പ്രവര്‍ത്തകയായ ഡോ. ഷബാന ഖാന്‍ പറഞ്ഞു. ആദ്യം സ്‌കൂളുകളും കോളേജുകളും ആയിരുന്നു, ഇപ്പോള്‍ ആശുപത്രികളിലും നടക്കുന്നു,' ജാമിയ മില്ലിയ ഇസ് ലാമിയയിലെ സാമൂഹ്യശാസ്ത്രജ്ഞനായ പ്രൊഫസര്‍ ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതു ആശുപത്രികളില്‍ ബുര്‍ഖ നിരോധിക്കുന്ന ഏതെങ്കിലും നിയമം നിലവിലുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പൗരാവകാശ സംഘടനകള്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags: