എല്‍പി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പിഎസ്‌സി ചുരുക്കപ്പട്ടിക പരിമിതമെന്ന് ഉദ്യോഗാര്‍ത്ഥികള്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ എല്‍പി സ്‌കൂള്‍ അധ്യാപകരെ നിയമിക്കാനായി പ്രസിദ്ധീകരിക്കാനിരിക്കുന്ന പിഎസ്‌സി ചുരുക്കപ്പട്ടിക പരിമിതമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരാതി. കാറ്റഗറി നമ്പര്‍ 516/2019 എല്‍പിഎസ്എ, പിഎസ്‌സി ചുരുക്കപ്പട്ടികക്കെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിവരാവകാശ നിയമം അനുസരിച്ച് ശേഖരിച്ച രേഖ പ്രകാരം ആകെ റിപോര്‍ട്ട് ചെയ്ത ഒഴിവുകള്‍ 478ആണ്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരു നിയമനം പോലും നടക്കാതെയാണ് ഇത്ര കുറവ് തസ്തികകള്‍ റിപോര്‍ട്ട് ചെയ്യുന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
ആയിരം പേരുടെ പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സിയുടെ ശ്രമം. ഇത് വളരെ പരിമിതമാണെന്നും മുന്‍ വര്‍ഷത്തെ പട്ടികക്കും സമാനമായ അവസ്ഥയാണുണ്ടായതെന്നും റാങ്ക് പട്ടിക നിലവില്‍ വന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നു പോയ അവസ്ഥയാണുണ്ടായതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയിലേക്കാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. അതില്‍നിന്നാണ് നിലവിലുള്ള ഒഴിവുകള്‍ നികത്തേണ്ടത്. ഒഴിവുകള്‍ പൂര്‍ണമായും നികത്താത്ത പക്ഷം ഓണ്‍ലൈന്‍ പഠനം അവതാളത്തിലാവുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.