ക്യാന്‍സര്‍ കേസുകള്‍ കൂടുന്നു; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മിസോറാം ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തും

Update: 2021-03-27 16:42 GMT

ന്യൂഡല്‍ഹി: മിസോറാമില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മിസോറാം ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചു. ചീഫ് സെക്രട്ടറിയോട് ഇതു സംബന്ധിച്ച രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കമ്മീഷന്‍ അതില്‍ പരാജയപ്പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കി. മെയ് 31നു മുമ്പ് രേഖകള്‍ സഹിതം ഹാജരാവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പുകയില, ഗുഡ്ക, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം മൂലം മിസോറാമില്‍ ക്യാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 3,137 പേര്‍ ക്യാന്‍സര്‍ വന്ന് കൊല്ലപ്പെട്ടുവെന്നാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയ മനുഷ്യാവകാശപ്രവര്‍ത്തകന്‍ രാധാകാന്ത ത്രിപാഠി പറയുന്നത്.

കാന്‍സര്‍ വ്യാപനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനത്തിന്റെ പ്രതികരണം സുപ്രിംകോടതിയിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ നിലപാടിനോട് വിജോയിച്ച് ത്രിപാഠി കേസില്‍ കക്ഷിചേര്‍ന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നത്. കമ്മീഷന്‍ വിഷയത്തെ കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നായിരുന്നു കമ്മീഷനു ലഭിച്ച റിപോര്‍ട്ടില്‍ പറയുന്നത്.

തുടര്‍ന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കും പ്രതികരണമാരാഞ്ഞ് ത്രിപാഠിക്കും കത്തെഴുതി. 

അതിര്‍ത്തി കടന്ന് മിസോറാമിലേക്ക് വലിയ തോതില്‍ മയക്കുമരുന്ന് ഒഴുകിയെത്തുന്നുണ്ടെന്നും അത് സംസ്ഥാനത്ത് ക്യാന്‍സര്‍ വ്യാപനത്തിന് കാരണമാവുന്നുവെന്നുമാണ് ഉയര്‍ന്നുവന്ന ആരോപണം. മാത്രമല്ല, മയക്കുമരുന്ന് കളളക്കടത്ത് തടയുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

Tags: