കനറാബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ; മാനേജ്‌മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ ശുപാര്‍ശ

ദാരുണമായ, ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവത്തില്‍ കനറാബാങ്ക് മാനേജ്‌മെന്റിനെതിരേ സാധ്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാരെന്നു തെളിയുന്നപക്ഷം നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരള വനിതാ കമ്മിഷന്‍ ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്തത്

Update: 2021-04-19 15:04 GMT

തിരുവനന്തപുരം: കനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജറായ കെ.എസ്. സ്വപ്ന മാനസിക സമ്മര്‍ദ്ദത്താല്‍ തൊഴിലിടത്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് മാനേജ്‌മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തൃശൂര്‍ സ്വദേശിനിയായ സ്വപ്നയെ അവിടെ നിരവധി ശാഖകള്‍ ഉണ്ടായിരുന്നിട്ടും കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലംമാറ്റിയ കനറാബാങ്ക് മാനേജ്‌മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണ്. ഭര്‍ത്താവ് മരിച്ച, വിദ്യാര്‍ഥികളായ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ക്ക് തൃശൂര്‍ ജില്ലയില്‍ ഒഴിവുണ്ടായിട്ടും നിയമനം നല്‍കിയില്ലെന്നാണ് വനിതാ കമ്മിഷന്‍ മനസ്സിലാക്കുന്നത്.


ദാരുണമായ, ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവത്തില്‍ കനറാബാങ്ക് മാനേജ്‌മെന്റിനെതിരേ സാധ്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാരെന്നു തെളിയുന്നപക്ഷം നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരള വനിതാ കമ്മിഷന്‍ ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്തത്. ബാങ്കിങ് ഉള്‍പ്പെടെയുള്ള തൊഴില്‍മേഖലയിലെ മാനസിക സമ്മര്‍ദ്ദം അനിയന്ത്രിതമാകാതിരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ മാതൃകയില്‍ സമിതിയുടെ നിയമനത്തിനുള്ള നിയമ നിര്‍മാണത്തിന് ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.


കനറാ ബാങ്ക് മാനേജ്‌മെന്റിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായി കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയായ ലോ ഓഫീസര്‍ പ്രിയംവദയെയും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മാനേജ്‌മെന്റ് ഉള്‍പ്പെട്ട അഴിമതി ചോദ്യം ചെയ്തതിന് മാനസിക പീഡന പരമ്പരകളും അതിനെത്തുടര്‍ന്ന് മറ്റൊരിടത്തും ജോലി ചെയ്യാനുള്ള യോഗ്യതയില്ല എന്നെഴുതി പിരിച്ചുവിട്ട നടപടിയും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി.


ആഗോളവത്കരണത്തിന്റെ ഫലമായി ബാങ്കുകള്‍ തമ്മിലുള്ള കിടമത്സരം ജീവനക്കാരില്‍ അധിക സമ്മര്‍ദം ഏല്‍പ്പിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ട് നാളേറെയായി. മനുഷ്യത്വമുള്ള മാനേജ്‌മെന്റ് ആണെങ്കില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ താങ്ങും തണലുമായി നില്‍ക്കാന്‍ തയാറാകണം. അതില്ലെന്നുള്ളതിന് തെളിവാണ് നിസ്സഹായവസ്ഥയിലായ സ്വപ്നയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും പ്രിയംവദയുടെ നിയമപോരാട്ടവും എന്ന് ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.




Tags:    

Similar News