അകലെയിരുന്നും അഫ്ഗാനെ ആക്രമിക്കാനാവും; താലിബാനെതിരേ ഭീഷണി മുഴക്കി നാറ്റൊ മേധാവി

Update: 2021-08-17 17:45 GMT

വാഷിങ്ടണ്‍ ഡിസി: അഫ്ഗാനിസ്താനെ ഭീകരതയുടെ പ്രഭവകേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് നാറ്റൊ മേധാവി. അഫ്ഗാനില്‍ നിന്ന് നാറ്റൊ സഖ്യം പിന്‍വാങ്ങിയെങ്കിലും അകലെയിരുന്നും ആക്രമിക്കാനുള്ള കഴിവുണ്ടെന്ന് നാറ്റൊ മേധാവിയും സെക്രട്ടറി ജനറലുമായ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെര്‍ഗ് പറഞ്ഞു.

താലിബാന്‍ അധികാരം പിടിച്ചതിനുശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ജെന്‍സ്, താലിബാന് മുന്നറിയിപ്പു നല്‍കിയത്.

അകലെയിരുന്ന് ശത്രുവിനെ ആക്രമിച്ചു കീഴടക്കാനുള്ള കഴിവ് ഇപ്പോഴും നാറ്റൊ അംഗരാജ്യങ്ങള്‍ക്കുണ്ട്. ഏതെങ്കിലും ഭീകരക സംഘടന നാറ്റൊ സഖ്യത്തിലെ രാജ്യങ്ങള്‍ക്കെതിരേ ആക്രമണം നടത്തുകയോ നടത്താന്‍ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കില്‍ പ്രത്യാക്രമണത്തിനു കഴിവ് ഇപ്പോഴുമുണ്ട്- അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ അല്‍ഖാഇദയുടെ നേതൃത്വത്തില്‍ 9/11നു നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ താലിബാനാണെന്ന് ആരോപിച്ചാണ് അമേരിക്ക അഫ്ഗാന്‍ ആക്രമിച്ചത്. 2001ല്‍ താലിബാനെന്ന പേരില്‍ നാറ്റൊ സഖ്യം അഫ്ഗാനിലെത്തി. യൂറോപ്പിനു പുറത്തുള്ള നാറ്റൊയുടെ ഏറ്റവും ശക്തമായ ആക്രമണപദ്ധതിയാണ് അഫ്ഗാനില്‍ നടന്നത്.

രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുറത്തുപോകാനുള്ള അനുമതി നല്‍കണമെന്ന് നാറ്റൊ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശപൗരന്മാരെ ഒഴിപ്പിക്കുന്നതിനുവേണ്ടി പടിഞ്ഞാറന്‍ പ്രതിരോധ സഖ്യം കൂടുതല്‍ സൈന്യത്തെ നിയോഗിക്കുകയും ചെയ്യാം.

താലിബാന്റെ വരവ് സുഗമമാക്കിയ അഫ്ഗാന്‍ സര്‍ക്കാരിനെതിരേ അദ്ദേഹം ആഞ്ഞടിച്ചു. ചിലര്‍ ധീരതയോടെ പെരുമാറിയെങ്കിലും മറ്റു ചിലര്‍ അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News