പട്‌ന: മൂന്നു ഘട്ടമായി നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കും. ബിജെപി, ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ എന്‍ഡിഎയും ജനതാദള്‍, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന മഹാഗട്ട്ബന്ധന്‍, എസ്ഡിപിഐ, ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്നിവരാണ് മല്‍സരരംഗത്തുള്ളത്.
പരസ്യപ്രചാരണം ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ എല്ലാ മുന്നണികളുടെയും നേതൃത്വങ്ങള്‍ അവസാന മിനുക്കുപണികള്‍ ആരംഭിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും വെള്ളിയാഴ്ച സംസ്ഥാനത്തെത്തി പ്രചാരണം നടത്തിയിരുന്നു.
ജെഡിയുവിന്റെ നിതീഷ് കുമാറാണ് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ജെ പി നദ്ദ, തേജസ്വി യാദവ്, ലോക് ജനശക്തി പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്‍ തുടങ്ങിയരുടെ നേതൃത്വത്തിലുള്ള റാലിയും ഇന്ന് നടക്കുന്നുണ്ട്.
16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്താകെ 31,000 പോളിങ് സ്‌റ്റേഷനുകളുണ്ട്.
1,066 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2,1,46,960 വോട്ടര്‍മാരുണ്ട്. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
3 ഘട്ടങ്ങളായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തിയ്യതികളായി നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം നവംബര്‍ 10 ഫലപ്രഖ്യാപനം നടക്കും.
തങ്ങളുടെ അവസാന ഭരണകാലത്ത് ക്രമസമാധാനപാലനം പരാജയപ്പെട്ടുവെന്നാണ് ബിജെപി ജെഡിയു യുണൈറ്റഡ് സഖ്യം ആര്‍ജെഡിക്കെതിരേ മുന്നോട്ടു വയ്ക്കുന്ന പ്രധാന പ്രചാരണം. 10 ലക്ഷം തൊഴില്‍ വാഗ്ാദനം ചെയ്യുന്നതില്‍ ഭരണകക്ഷി പരാജയപ്പെട്ടുവെന്ന് ആര്‍ജെഡിയും ആരോപിക്കുന്നു.
2015 ല്‍ ജെഡിയുവും ആര്‍ജെഡിയുവും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 243 അംഗ നിയമസഭയില്‍ 178 സീറ്റ് നേടുകയും ചെയ്തു. 20 മാസത്തിനു ശേഷം ഇരു പാര്‍ട്ടികളും പിരിഞ്ഞു. 2017ലാണ് ജെഡിയു വീണ്ടും എന്‍ഡിഎയുടെ ഭാഗമാവുന്നത്.
