ബസ്സുകളില്‍ ഫെബ്രുവരി 28ന് മുമ്പ് കാമറ ഘടിപ്പിക്കണം; ചെലവിന്റെ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്ന് ഗതാഗതമന്ത്രി

Update: 2023-02-14 12:27 GMT

കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും കാമറ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുമ്പ് കാമറകള്‍ ഘടിപ്പിക്കണം. ഇതിനാവശ്യമായ ചെലവിന്റെ പകുതി തുക റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ബസ്സിന്റെ മുന്‍ഭാഗത്തെ റോഡും ഉള്‍വശവും കാണാവുന്ന തരത്തിലാണ് കാമറ സ്ഥാപിക്കേണ്ടത്. കെഎസ്ആര്‍ടിസി ബസ്സുകളിലും കാമറ ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കും. ബസ് ജീവനക്കാര്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നല്‍കും.

നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ ഓരോ ബസുകളുടെയും ചുമതല ഓരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ആ ബസ്സില്‍ നിയമലംഘനമുണ്ടായാല്‍ ഉദ്യോഗസ്ഥനും ഇതില്‍ ഉത്തരവാദിയാവും. കൊച്ചിയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്.

Tags:    

Similar News