കാലിക്കറ്റ് സര്‍വകലാശാല ലക്ഷദ്വീപ് സെന്ററുകളിലെ കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലി ക്കണം: മുസ്തഫ കൊമ്മേരി
സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്
തിരുവനന്തപുരം: ലക്ഷദ്വീപിലെ സെന്ററുകളിലെ കാലിക്കറ്റ് സര്‍വകലാശാലയുടെ പിജി കോഴ്‌സുകളും ബിഎ അറബികും നിര്‍ത്തലാക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളില്‍ പിജി കോഴ്‌സുകളായ എംഎ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്‌സ്, എംഎസ്‌സി അക്വാകള്‍ചര്‍, എംഎസ്‌സി മാത്‌സ് എന്നീ പിജി കോഴ്‌സുകളാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതോടൊപ്പം ബിഎ അറബിക് കോഴ്‌സും നിര്‍ത്തലാക്കാനുള്ള തീരുമാനം അവരുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേരിട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായിരുന്നു ആന്ത്രോത്, കടമത് എന്നീ ദ്വീപുകളില്‍ യൂനിവേഴ്‌സിറ്റി കേന്ദ്രങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ലക്ഷദ്വീപിനെ തകര്‍ക്കാന്‍ കച്ചമുറുക്കിയ ഫാഷിസ്റ്റ് ഏജന്റായ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും കൈവെച്ചിരിക്കുകയാണ്. പിജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തെ സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിന്തുണയ്ക്കുന്നത് അപകടകരമാണ്. ഇത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കാന്‍ ദ്വീപ് ഭരണകൂടവും സര്‍വകലാശാലാ സിന്‍ഡിക്കേറ്റും തയ്യാറാവണമെന്ന് മുസ്തഫ കൊമ്മേരി വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
