കശ്മീരികൾ മൃ​ഗങ്ങളെ പോലെ കൂട്ടിലകപ്പെട്ടിരിക്കുന്നു; അമിത്ഷായ്ക്ക് ഇൽത്തിജയുടെ ശബ്ദരേഖ

ഇനിയും താൻ കേന്ദ്രത്തിനെതിരേയും കശ്മീരികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചാൽ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്ന ഭീഷണി തനിക്കെതിരെ നിലനില്‍ക്കുന്നുണ്ടെന്നും ഇൽത്തിജ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Update: 2019-08-16 07:20 GMT

ന്യൂഡല്‍ഹി: ഉമ്മയെ പോലെ താനും വീട്ടുതടങ്കലിലാണെന്ന് വെളിപ്പെടുത്തി മുൻ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്​. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായ്ക്ക്​ അയച്ച ശബ്​ദസന്ദേശത്തിലാണ്​ ഇല്‍ത്തിജ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്​. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ പോലുമില്ലാതെ മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്​. 370ാം വകുപ്പ് എടുത്തുകളഞ്ഞതുമുതൽ താൻ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലുള്ള വീട്ടില്‍ തടവിലാണ്. തന്നെ കാണാൻ ആരെയും അനുവദിക്കുന്നില്ല. സൈനികർ വീടിന് കാവൽ നിൽക്കുകയാണ്. സന്ദർശകരെ കാണാൻ അനുവദിക്കുന്നില്ല. അവരെ മടക്കി അയക്കുകയാണ്. തനിക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും ഇൽത്തിജ ശബ്ദസന്ദേശത്തിൽ പറഞ്ഞു.

ഇനിയും താൻ കേന്ദ്രത്തിനെതിരേയും കശ്മീരികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചാൽ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്ന ഭീഷണി തനിക്കെതിരെ നിലനില്‍ക്കുന്നുണ്ടെന്നും ഇൽത്തിജ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഒരു രാഷ്​ട്രീയ കക്ഷികളുടേയും ഭാഗമല്ലാത്ത തന്നെ ഏത്​ നിയമത്തി​ന്റെ പേരിലാണ്​ വീട്ടുതടങ്കലിലാക്കിയിരിക്കുന്നതെന്നും ഇല്‍ത്തിജ ചോദിക്കുന്നു.വിത്യസ്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള തന്റെ അഭിമുഖങ്ങളാണ് തടവിനു കാരണമായി സുരക്ഷാ സൈനികര്‍ ചൂണ്ടിക്കാട്ടുന്നത്​. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും തുടര്‍ന്നുണ്ടായ നിരോധനാജ്ഞയുമാണ് ഈ ലേഖനങ്ങളുടെ പ്രമേയം.

പന്ത്രണ്ട് ദിവസമായി സംസ്ഥാനത്ത്​ നിരോധനാജ്ഞയാണ്​. മാതാവ്​ മെഹബൂബയും മറ്റ്​ നേതാക്കളും തടവിലാണ്​. കശ്​മീരിലെ ജനതയെ മുഴുവന്‍ തളര്‍ത്തുന്ന തരത്തില്‍ ആശയവിനിമയ സംവിധാനങ്ങളൊക്കെയും ഇല്ലാതാക്കിയിരിക്കുന്നു. താഴ്‌വരയിലെ ജനങ്ങളാകെ ഭീതിയിലാണ്

അടിച്ചമര്‍ത്തപ്പെട്ട കശ്മീരികള്‍ക്കു വേണ്ടി സംസാരിച്ചതിനാണ്​ തന്നെ അറസ്​റ്റു ചെയ്​തിരിക്കുന്നത്​. കശ്​മീരികളുടെ വേദനയാണ്​ താന്‍ സംവദിച്ചത്​. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ അടിച്ചമര്‍ത്തലിനെതിരെ ശബ്​ദിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടുകൊണ്ടാണോ തങ്ങള്‍ നിലനില്‍ക്കേണ്ടതെന്നും ഇല്‍ത്തിജ ചോദിക്കുന്നു.



Similar News