കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ് ഡിഎ) രണ്ടുശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപോര്‍ട്ട്. ഇതോടെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സാമ്പത്തിക ആശ്വാസമാകും.
വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ശമ്പളത്തിന്റെയോ പെന്‍ഷന്റെയോ കൂടെ നല്‍കുന്ന പ്രത്യേക അലവന്‍സാണ് ഡിഎ. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കി വര്‍ഷത്തില്‍ രണ്ടുതവണ, ജനുവരിയിലും ജൂലൈയിലും ഡിഎ പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാധാരണയായി സെപ്റ്റംബര്‍ അവസാനം പ്രഖ്യാപിച്ച് ഒക്ടോബര്‍ ആദ്യം കുടിശ്ശിക നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇതോടെ ഇത്തവണ കുടിശ്ശികയും ജീവനക്കാര്‍ക്ക് ലഭിക്കാനിടയുണ്ട്.
ഇതിനിടെ, 13,000 കോടി രൂപയുടെ സോവറിന്‍ മാരിടൈം ഫണ്ട് രൂപീകരിക്കാനും മന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്കും ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ സര്‍വീസുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി ഗ്രാം സഡക് യോജന 2028 വരെ നീട്ടുന്നതിനും 3,000 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.