മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഏക യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി കോളജിന് ഈ പദവി ലഭിക്കുന്നത് കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക ചുവടുവയ്പ്പായി മാറും.
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴില്‍ 2010ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനങ്ങള്‍ക്ക് യുനാനി ചികില്‍സാ രീതിയില്‍ മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളജ് സ്ഥാപിതമായത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെയും (എന്‍സിഐഎസ്എം) അംഗീകാരമുള്ള ഈ സ്ഥാപനം, നിലവില്‍ കേരള ആരോഗ്യ സര്‍വകലാശാലയുടെ (കെയുഎച്ച്എസ്) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
എയിഡഡ് പദവി ലഭിക്കുന്നതോടെ സംസ്ഥാനത്തെ സാഘാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ യുനാനി മെഡിസിന്‍ (ബിയുഎംഎസ്) പഠിക്കാനുള്ള അവസരം ലഭിക്കും. ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും നല്‍കുന്ന പ്രാധാന്യം യുനാനി ചികില്‍സാ വിഭാഗത്തിനും ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖല കൂടുതല്‍ വൈവിധ്യപൂര്‍ണമാകും. ഗവേഷണ രംഗത്തും ഉന്നത നിലവാരമുള്ള ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പുതിയ തീരുമാനം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.