സിഎഎ പ്രതിഷേധം: രണ്ട് വര്‍ഷമായിട്ടും ഒസാമ ഖാന്‍ അസംഗഢ് ജയിലില്‍ത്തന്നെ

Update: 2022-03-02 17:04 GMT

ലഖ്‌നോ: മാര്‍ച്ച് 2020ന് യുപിയില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തെത്തുടര്‍ന്ന് ജയിലിലായ ഒസാമ ഖാന്‍(42) ഇപ്പോഴും ജയിലില്‍ തന്നെ. അസംഗഢില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് 19 പേര്‍ക്കൊപ്പം ഓസാമ ഖാന്‍ അറസ്റ്റിലായത്. കൂടെയുണ്ടായിരുന്നവര്‍ക്ക് ജാമ്യം ലഭിച്ചിട്ടും ഖാന് ഇതുവരെ ജാമ്യം ലഭിച്ചില്ല.

മുസ് ലിം പണ്ഡിതന്‍ മൗലാന താഹില്‍ മദനി അടക്കം 19 പേരാണ് സിഎഎ പ്രതിഷേധ സമയത്ത് അറസ്റ്റിലായത്. ഖാന്‍ ഒഴിച്ച് മറ്റുള്ളവര്‍ക്ക് നാല് മാസത്തിനുശേഷം ജാമ്യം ലഭിച്ചു. പക്ഷേ, ഖാന് മാത്രം ജാമ്യം ലഭിച്ചില്ല.

കീഴ്‌ക്കോടതി രണ്ട് തവണയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇപ്പോള്‍ അദ്ദേഹം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഖാനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്.

ഒസാമ ഖാന്‍ ഒരു കര്‍ഷകനാണ്. കുടുംബത്തിന്റെ അത്താണിയായിരുന്നു ഒസാമ ഖാനെന്ന് സഹോദരന്‍ പറയുന്നു. ഖാന്‍ ജയിലിലായതോടെ കുടുംബം വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോയി.

ഇത്രയേറെക്കാലം ജയിലില്‍ കഴിയേണ്ടിവന്നതില്‍ ഖാനും കുടുംബത്തിനും വേവലാതിയുണ്ട്.

കേസില്‍ ഒന്നാം പ്രതിക്കുപോലും ജാമ്യം ലഭിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഖാന് അത് നിഷേധിക്കുന്നതെന്നാണ് കുടുംബത്തിന്റെ സംശയം. മൗലാന താഹില്‍ മദനിയാണ് ഈ കേസില്‍ ഒന്നാം പ്രതി.

കുടുംബം സര്‍ക്കാരിതര സംഘടനകളോടും മറ്റ് സംഘടനകളോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.