കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ നിന്ന് സി.എ.എ ഒഴിവാക്കിയത് നീളം കൂടുമെന്നതിനാല്‍: പി ചിദംബരം

Update: 2024-04-22 11:13 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നിന്ന് സി.എ. എ സംബന്ധിച്ച പരാമര്‍ശം ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷന്‍ പി.ചിദംബരം. പ്രകടനപത്രികയുടെ നീളം കൂടുമെന്നതിനാലാണ് സി.എ.എ ഒഴിവാക്കിയത് വിശദീകരണം. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചിദംബരം ഈ കാര്യം വ്യക്തമാക്കിയത്. പത്രികയുടെ കരടില്‍ സി.എ.എ ഉണ്ടായിരുന്നുവെന്നും പിന്നീട് വെട്ടിയതാണെന്നും കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് പി. ചിദംബരത്തിന്റെ വാക്കുകള്‍.


മോദി സര്‍ക്കാര്‍ 50 ഓളം ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും അവയെക്കുറിച്ച് പറയാന്‍ 46 പേജ് മതിയാകില്ലെന്നും ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവയെ മൊത്തത്തില്‍ 22 പേജിലെ ആദ്യ ഖണ്ഡികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യ കൂട്ടായ്മ അധികാരത്തില്‍ എത്തിയാല്‍ പിന്‍വലിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചിദംബരം പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ റദ്ദാക്കുന്ന മറ്റു നിയമങ്ങളുടെ പട്ടിക പുറത്തു വിടാനും പി.ചിദംബരം തയ്യാറായില്ല.



പാര്‍ലമെന്റില്‍ പരിശോധനയോ ചര്‍ച്ചയോ കൂടാതെ പാസാക്കിയ മറ്റു പല നിയമങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് നീളം കൂടുമെന്ന പേരില്‍ സി.എ.എ ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ സി.എ.എ പരാമര്‍ശിക്കുന്നില്ല.



മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ബോധപൂര്‍വ്വമാണ് സി.എ.എ ഒഴിവാക്കിയതെന്ന ആരോപണം ശക്തമാണ്. പി. ചിദംബരത്തിന്റെ വാക്കുകള്‍ ഇക്കാര്യം ശരിവെക്കുന്നു. പ്രകടനപത്രികക്കെതിരെ കേരളത്തിലെ യു.ഡി.എഫ് അണികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന രോഷം തണുപ്പിക്കാന്‍ കേരളത്തില്‍ മാത്രം വിഷയം പരാമര്‍ശിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.



എല്ലാ ഇന്ത്യക്കാര്‍ക്കും നിയമത്തിനു മുന്നില്‍ സമത്വവും നിയമപരമായ പരിരക്ഷയും ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമാണ് പൗരത്വനിര്‍ണയത്തിന് മതം അടിസ്ഥാനമാക്കുന്ന സി.എ.എ. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ മുസ്‌ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പാര്‍ലമെന്റില്‍ ഈ നിയമനിര്‍മാണത്തെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.




Tags: