സി എന്‍ അഹ്മദ് മൗലവി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് കെ സി സലീമിന് സമ്മാനിച്ചു

Update: 2023-02-01 03:58 GMT

കോഴിക്കോട്: ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന സി എന്‍ അഹ്മദ് മൗലവിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 2022ലെ സി എന്‍ അഹ്മദ് മൗലവി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് കെ സി സലീമിന് പത്മശ്രീ അലി മണിക്ഫാന്‍ സമ്മാനിച്ചു. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എംഎസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംഎസ്എസ് പ്രസിഡന്റ് പി ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍ കിനാലൂര്‍ സിഎന്‍ അനുസ്മരണം നടത്തി. എ പി കുഞ്ഞാമു പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.

വിശുദ്ധ ഖുര്‍ആന്റെ സമകാലീന വായന എന്ന വിഷയത്തില്‍ മുഹമ്മദ് ശമിം മുഖ്യപ്രഭാഷണം നടത്തി. എന്‍ഡോവ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ കൊച്ചങ്ങാടി, കണ്‍വീനര്‍ കെ പി യു അലി എന്നിവര്‍ പങ്കെടുത്തു. ഇസ്‌ലാമിക സാഹിത്യ രചനാ രംഗത്ത് അര്‍പ്പിച്ച സമഗ്ര സംഭാവനകളുടെ പേരിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തില്‍ 1905ല്‍ ജനിച്ച സി എന്‍ അഹ്മദ് മൗലവി യാഥാസ്ഥികവിഭാഗത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ 1949ല്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ 1961ല്‍ പുറത്തിറങ്ങി.

മതഭേദമെന്യേ ഇസ്ലാമിക സംസ്‌കാരം പരിചയപ്പെടുത്തുന്ന സഹീഹുല്‍ ബുഖാരി പരിഭാഷ, ഇസ്ലാം ഒരു സമഗ്ര പഠനം, ഇസ്ലാമിലെ ധനവിതരണ പദ്ധതി, ഇസ്ലാം ചരിത്രം തുടങ്ങി കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചു. കേരള സാഹിത്യ അക്കാദമി 1989ല്‍ വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1993 ഏപ്രില്‍ 17നാണ് അദ്ദേഹം കോഴിക്കോട്ട് നിര്യാതനായത്. എഴുത്തുകാരനും പരിഭാഷകനും പത്രപ്രവര്‍ത്തകനുമായ കെ സി സലിം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ റീജ്യനല്‍ ഡയറക്ടറായിരുന്നു.

Tags:    

Similar News