ബുശ്‌റയുടെ കുടുംബത്തിന് ഇനി ഈ വീട്ടില്‍ അന്തിയുറങ്ങാം; തുണയായത് അഞ്ചച്ചവിടി എന്‍എസ്‌സി ക്ലബ്
കാളികാവ്: നിരാലംബ കുടുംബത്തിന് അന്തിയുറങ്ങാന്‍ അഞ്ചച്ചവിടിയില്‍ എന്‍എസ്‌സിയുടെ സ്‌നേഹഭവനമൊരുങ്ങുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെയും നിരന്തര പ്രവര്‍ത്തനത്തിന്റെയും ഫലമാണ് ഈ വീട്. നിരാലംബയായ ബുശ്‌റയുടെയും അഞ്ചു മക്കളുടെയും ഭാവിയും വര്‍ത്തമാനവും ഇനി ഈ കാരുണ്യ കൂട്ടായ്മയുടെ കരങ്ങളില്‍ ഭദ്രം.
അനേക വര്‍ഷങ്ങളായി അഞ്ചച്ചവിടിയിലെ വാടകക്കെട്ടിടത്തിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. കടുംബത്തിന്റെ ഭക്ഷണവും കുട്ടികളുടെ ചികിത്സയും എല്ലാം ഏറ്റെടുത്തു നടത്തിയിരുന്നത് എന്‍എസ്‌സി ക്ലബ്ബിന്റെ കീഴിലെ പ്രവര്‍ത്തകരായിരുന്നു. അതിനിടയിലാണ് കുടുംബത്തിന് വീടും ഉപജീവനമാര്‍ഗവും കണ്ടെത്തുന്നതിന് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സുഷാന്ത് നിലമ്പൂരും നാട്ടുകാരും ചേര്‍ന്ന് സമൂഹമാധ്യമത്തില്‍ അഭ്യര്‍ത്ഥന നടത്തി. ഒരാഴ്ച കൊണ്ട് 40 ലക്ഷം സ്വരൂപിച്ചു.
തുടര്‍ന്ന് 13 സെന്റ് സ്ഥലത്ത് ചെറിയൊരു വീടിന്റെ പണി ആരംഭിച്ചു. നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. ലോക്ക് ഡൗണ്‍ കാലത്ത് കല്ലും മണലും കിട്ടാത്തതാണ് പണി നീണ്ടുപോകാന്‍ കാരണം.
25 ലക്ഷം രൂപ ബുശ്‌റയുടെ കുടുംബത്തിന് മാറ്റി വെച്ച് ബാക്കി തുക മറ്റു മാറാരോഗികള്‍ക്കും നിരാലംബര്‍ക്കും കമ്മിറ്റി വീതിച്ചു നല്‍കിയിട്ടുണ്ട്. ജിംഷാദ്, ഇ ഷാനവാസ്, പി പി സുല്‍ഫിക്കര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.