ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു: യാത്രക്കാര്‍ ദുരിതത്തില്‍; ബദല്‍ സൗകര്യമൊരുക്കാതെ അധികൃതര്‍
അരീക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ പത്തനാപുരം പള്ളിപ്പടി ഭാഗത്തെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പ്രധാനറോഡില്‍പ്പെടാത്ത ചെറുപുഴപാലത്തിലെ അപ്രോച്ച് റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും പ്രായമായവരും ദീര്‍ഘനേരം റോഡില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. രാത്രിയായാല്‍ യാത്രക്കാരുടെ സുരക്ഷയും പ്രതിസന്ധിയിലാണ്. മഴ പെയ്തു തുടങ്ങിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാല്‍ മഴയത്ത് വാഹനം കാത്ത് നില്‍ക്കേണ്ട അവസ്ഥയിലാണ്. പി കെ ബഷീര്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് റോഡില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് അണഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇരുട്ട് നിറഞ്ഞ ഭാഗത്ത് യാത്രക്കാരുടെ കാത്തിരിപ്പ് ഏറെ ദുരിതത്തിലാണ്. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഇരുട്ടില്‍ വാഹനം കാത്തിരിക്കുന്നതിന്റെ ബുദ്ധിമുട്ട് ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ബദല്‍ സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
കിഴുപറമ്പ് പഞ്ചായത്തിന് കീഴില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് പ്രവര്‍ത്തിയുടെ മറവില്‍ അനുമതിയില്ലാതെയാണ് മരംമുറിയുടെ മറവില്‍ തകര്‍ത്തത്. ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന അധികൃതര്‍ അവഗണിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്.