ബുറേവി: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി

Update: 2020-12-02 14:06 GMT

ബുറേലി: ബുറേലി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്കു കിഴക്കുനിന്ന് സഞ്ചരിച്ച് തമിഴ്‌നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖലയിലെത്തിയ സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിച്ച സുരക്ഷാ നടപടികളെക്കുറിച്ച്് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. സംസ്ഥാനത്തിന് ആവശ്യമായ സഹായവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്നുപോകും. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബര്‍ 4ന് പുലര്‍ച്ചെ തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി തന്നെ കേരളത്തിലേക്കും പ്രവേശിക്കാനിടയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബര്‍ 3-ാം തിയ്യതി മുതല്‍ 5-ാം തിയ്യതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.

ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.