ബുരാരി മൈതാനം മതിയാവില്ല: പ്രതിഷേധത്തിന് വലിയ മൈതാനം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ബുരാരി മൈതാനത്തിനു പകരം കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വലിയ മൈതാനങ്ങള്‍ നല്‍കണമെന്ന് കര്‍ഷക സംഘനടാ നേതാക്കളും പ്രതിപക്ഷ കക്ഷി നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിനു വരുന്ന പ്രക്ഷോഭകരെ ഉള്‍ക്കൊള്ളാന്‍ ബുരാരി മൈതാനത്തിന് കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
കര്‍ഷകരുടെ ശബ്ദം ശ്രവിക്കുക, അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക എന്ന ശീര്‍ഷകത്തോടെ പുറത്തിറങ്ങിയ പ്രസ്താവനയില്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം, ജലപീരങ്കി, റോഡ്തടയല്‍, ബാരിക്കേഡുകള്‍ എന്നിവ പ്രയോഗിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
വലിയ പ്രതിരോധം തീര്‍ത്തിട്ടും കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരസ്ഥലത്തെത്തിച്ചേര്‍ന്നു. ജലപീരങ്കിയും റോഡ് തടസ്സങ്ങളും ബാരിക്കേഡുകളും കണ്ണീര്‍വാതക പ്രയോഗവും വിലപ്പോയില്ല. കര്‍ഷകരുടെ പ്രതിഷേധങ്ങളെയും അവരുടെ ധീരതകളെയും തങ്ങള്‍ അഭിവാദ്യങ്ങള്‍ ചെയ്യുന്നതായും നേതാക്കള്‍ അറിയിച്ചു.
ഡല്‍ഹി രാംലില മൈതാനം പോലുള്ള വലിയ മൈതാനങ്ങള്‍ നല്‍കണമെന്നാണ് നേതാക്കളുടെ ആവശ്യം. അല്ലെങ്കില്‍ അതുപോലുള്ള മൈതാനങ്ങള്‍ നല്‍കണം. അതിനു പുറമേ ഭക്ഷണം, വെള്ളം, മറ്റ് സാമഗ്രഹികള്‍ എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. ശരത് പവാര്‍, സീതാറാം യച്ചൂരി, ഡിഎംകെ നേതാവ് ടി ആര്‍ ബാലു, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.
