ഫര്‍ണിച്ചര്‍ വാങ്ങിയതിന്റെ പണം ചോദിച്ച മുസ് ലിംവ്യാപാരിക്കെതിരേ 'ബുള്‍ഡോസര്‍ ഭീഷണി': മൊറാദാബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

Update: 2022-08-06 05:49 GMT

മൊറാദാബാദ്: ഫര്‍ണിച്ചര്‍ വാങ്ങിയതിന്റെ പണംചോദിച്ച മുസ് ലിംവ്യാപാരിയുടെ വീട് തകര്‍ക്കാന്‍ ബുള്‍ഡോസര്‍ അയച്ച മൊറാദാബാദ് സബ് ഡിവിഷണല്‍ മജിസ്്ട്ര്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടന്ന് രണ്ടാഴ്ചക്കുശേഷമാണ് നടപടി.

ഫര്‍ണിച്ചറിന്റെ പണം ചോദിച്ചപ്പോള്‍ സാഹിദ് അഹ്മദിന്റെ വീടിന്റെ ഒരു ഭാഗം എസ്ഡിഎം ഘനശ്യാം വര്‍മ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് വര്‍മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

''ഉദ്യേഗസ്ഥന്‍ കുറ്റംചെയ്തതായി തെളിയിക്കുന്ന അന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കുറ്റക്കാരായ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. അഴിമതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ സീറോ ടോളറന്‍സ് പോളിസി അനുസരിച്ചാണ് നടപടി''- ചീഫ് സെക്രട്ടറി അശ്വിന്‍ കുമാര്‍ അവാസ്തി പറഞ്ഞു.

2.68 ലക്ഷം രൂപ വിലവരുന്ന ഫര്‍ണിച്ചറാണ് ഇയാള്‍ വാങ്ങിയത്. വര്‍മയുടെ അഴിമതി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.

ബറേയ്‌ലിയിലെ ഡിവിഷണല്‍ കമ്മീഷണര്‍ തുടരന്വേഷണം  നടത്തും.

ജൂലൈ7ാം തിയ്യതിയാണ് സാഹിദ് അഹ്മദ് സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്‌സില്‍ ഫര്‍ണിച്ചര്‍ നല്‍കിയത്. പിന്നീട് അത് മകളുടെ വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. 2.6 ലക്ഷം നല്‍കാന്‍ പറഞ്ഞതോടെ സ്വരം മാറുകയായിരുന്നുവത്രെ.

Tags: