സ്‌കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും; മന്ത്രി വി ശിവന്‍കുട്ടി
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല.
തിരുവനന്തപുരം: എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ച് നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരാഴ്ചക്കുള്ളില്‍ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ജില്ലാ ഭരണകൂടവുമായി ചേര്‍ന്നായിരിക്കും ദുരന്തനിവാരണ പ്രകാരം കെട്ടിടം പൊളിച്ചുനീക്കുക. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങളുടെ ഭാരം കുറക്കുമെന്നും, അടുത്ത അധ്യായന വര്‍ഷം പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്നും, 79 പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ പരിഷ്‌കരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പുതിയ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ലിഫ്റ്റുകള്‍ പണിയാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌കൂളുകളിലെ മുന്നൂറ് കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്നത് തത്വത്തില്‍ അംഗീകരിച്ചു.
'സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം' തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരില്‍ നടന്നത്.