ബഫര്‍ സോണ്‍: സുപ്രിംകോടതി നടപടി സ്വാഗതാര്‍ഹം- എസ്ഡിപിഐ

Update: 2023-01-18 13:01 GMT

തിരുവനന്തപുരം: ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹരജികള്‍ മൂന്നംഗ ബെഞ്ചിനു വിട്ട സുപ്രിംകോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. 2022 ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച സുപ്രിംകോടതി വിധിയില്‍ ഭേദഗതി വരുമെന്ന സൂചന നല്‍കിയ കോടതി നിരീക്ഷണം ആശ്വാസകരമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമുള്ള ബഫര്‍ സോണ്‍ നിബന്ധനകളില്‍ ജനവാസ മേഖലയില്‍ പ്രത്യേക ഇളവുകള്‍ വേണമെന്നതാണ് പാര്‍ട്ടി നിലപാട്.

സുപ്രിംകോടതിയുടെ മുന്‍ വിധി കേരളത്തിലെ വിവിധ ജില്ലകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, കോടതിയുടെ പുതിയ നിരീക്ഷണവും നടപടികളും പ്രതീക്ഷാ നിര്‍ഭരമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. യോഗത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, അംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.

Tags: