കേന്ദ്ര ബജറ്റ് നിരാശാജനകം; തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

39,000 കോടിയാണ് വാക്‌സിന് വേണ്ടി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇത്തവണ 5000 കോടി മാത്രമാണ്

Update: 2022-02-01 10:10 GMT

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നഗരവികസനത്തിന് കാര്യമായ പദ്ധതിയില്ല. തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിന് നടപടിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി വിഹിതം വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം 73000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അതു തന്നെയാണ് ഇത്തവണയും നീക്കിവച്ചിരിക്കുന്നത്. ഒരു ടേം മുന്‍പ് തൊഴിലുറപ്പ് പദ്ധതിക്ക് 1.11 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്.

അടിസ്ഥാന മേഖലയെ ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതല്ല കേന്ദ്ര ബജറ്റ്. അതുപോലെ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കൂട്ടാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റില്‍ ഒരു നിര്‍ദ്ദേശവുമില്ല. ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ദുഃഖകരമായ അവസ്ഥയാണിത്. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണ് അനുവദിച്ചത്. 39,000 കോടി രൂപ വാക്‌സിന് വേണ്ടി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇത്തവണ 5000 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ വകയിരുത്തിയത്. സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. രണ്ടു രൂപ വെച്ച് ഇന്ധനവില കൂട്ടാനുള്ള നീക്കമാണ് ബജറ്റിലുള്ളത്. കൊവിഡ് കാലത്ത് മുന്നോട്ട് പോകാനുള്ള കാഴ്ചപ്പാട് ബജറ്റില്‍ ഇല്ല. ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Tags:    

Similar News