ബജറ്റ്: കേരള സംസ്ഥാന മ്യൂസിയം തൃശൂരില്‍; മാതൃകകളായി പെരിഞ്ഞനോര്‍ജ്ജവും ആമ്പല്ലൂര്‍ മഞ്ഞള്‍ കൃഷിയും

Update: 2022-03-11 19:31 GMT

തൃശൂര്‍: കേരള സംസ്ഥാന മ്യൂസിയം ഉള്‍പ്പടെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സംസ്ഥാന ബജറ്റില്‍ നിരവധി നേട്ടങ്ങള്‍. ആമ്പല്ലൂരിന്റെ മഞ്ഞള്‍ കൃഷി മാതൃകയും പെരിഞ്ഞനം പഞ്ചായത്തിന്റെ സൗരോര്‍ജ പദ്ധതിയായ പെരിഞ്ഞനോര്‍ജവും സംസ്ഥാനത്തെ മാതൃകാ പദ്ധതികളാവും.

കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാപരവും സാംസ്‌കാരികവുമായ വളര്‍ച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരളത്തിനില്ല. ഇത് പരിഗണിച്ചാണ് വിനോദം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് 'കേരളാ സ്‌റ്റേറ്റ് മ്യൂസിയം' തൃശൂരില്‍ ആരംഭിക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചു. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിനെ മാതൃകയാക്കി മറ്റ് ജില്ലകളിലും സോളാര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ ധനകാര്യ മന്ത്രി ബജറ്റ് അവതരണ വേളയില്‍ ആഹ്വാനം ചെയ്തു. പെരിഞ്ഞനം മാതൃകയാക്കി സോളാര്‍ പാനലുകള്‍ സംസ്ഥാനത്തെ വീടുകളില്‍ സ്ഥാപിക്കാന്‍ പലിശയിളവ് അനുവദിക്കും.

ആരോഗ്യ സര്‍വകലാശാല, വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളോട് ചേര്‍ന്ന് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററുകളും സ്റ്റാര്‍ട്ട് അപ്പ്, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ എന്നിവ സജ്ജമാക്കും. ഇതിനായി സര്‍വ്വകലാശാലകള്‍ക്ക് 20 കോടി രൂപ വീതം ലഭിക്കും. എന്‍ജിനീയറിങ് കോളേജുകള്‍, പോളി ടെക്‌നിക്കുകള്‍, ഐടിഐകള്‍, കോളേജുകള്‍ എന്നിവയുടെ ഭാഗമായി വ്യവസായ യൂണിറ്റുകളും സ്റ്റാര്‍ട്ടപ്പുകളും തുടങ്ങുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്നവയാണ്.

മുളങ്കുന്നത്ത് കാവ് കിലയെ ഒരു പരിസ്ഥിതി സൗഹൃദ സൗരോര്‍ജ കാമ്പസായി മാറ്റും. 2020 21ല്‍ ആരംഭിച്ച വികേന്ദ്രീകരണം സര്‍വ്വേ പൂര്‍ത്തിയാക്കുന്നതുള്‍പ്പടെയുളള പദ്ധതികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന് 33 കോടി രൂപയും അനുവദിച്ചു.

കൊച്ചി പാലക്കാട് വ്യവസായ ഇടനാഴിയും ദേശീയപാത 66 നോട് ചേര്‍ന്ന ഐടി ഇടനാഴി വിപുലീകരണവും ജില്ലയ്ക്ക് കുതിപ്പാകും.

കെഎസ്എഫ്ഇയുടെ പുതിയ പദ്ധതികളും ജില്ലയുടെ സാമ്പത്തിക വളര്‍ച്ചക്കും വഴിയൊരുക്കും. മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രഖ്യാപിച്ച 250 കോടിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിനും ഗുണകരമാവും. തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ടും പ്രതീക്ഷയാണ്. വിജ്ഞാന സമ്പത്തിന്റെ ഉല്‍പാദനവുമായി ബന്ധിപ്പിച്ച് 1000 കോടി ചെലവില്‍ നാല് സയന്‍സ് പാര്‍ക്കുകളും ജില്ലാ സ്‌കില്‍ പാര്‍ക്കുകളും നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകളും ജില്ലയ്ക്ക് പ്രതീക്ഷയാണ്. ലൈഫ് മിഷനില്‍ 1.06 ലക്ഷം വീടും 2950 ഫ്‌ളാറ്റും നല്‍കുന്നതില്‍ ജില്ലയിലെ ഭവനരഹിതരും ഇടംപിടിക്കും. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി പുനര്‍ഗേഹം 16 കോടി നീക്കിവച്ചത് തീരദേശ ജനതക്ക് ആശ്വാസമാവുകയാണ്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 25 കോടി അനുവദിച്ചത് മലയോര മേഖലയിലെ ജനതയ്ക്കും കരുതലാവുകയാണ്.

തൃശൂര്‍ മണ്ഡലത്തില്‍ ബഡ്ജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. വില്ലടം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം നിര്‍മ്മാണത്തിനായി 6 കോടി രൂപയും കുരിയച്ചിറ അഞ്ചേരി റോഡ് വികസനത്തിനായി 4 കോടി രൂപയും അനുവദിച്ചു. ഇതു കൂടാതെ ശക്തന്‍ മാര്‍ക്കറ്റ് വികസനം പറവട്ടാനി സ്‌റ്റേഡിയം തുടര്‍പ്രവര്‍ത്തികള്‍ , എക്‌സൈസ് ടവര്‍ രണ്ടാം ഘട്ടം, തുടങ്ങിയവയും ബഡ്ജറ്റില്‍ ഇടം പിടി ച്ചിട്ടുണ്ട്.

Tags:    

Similar News