രാഹുല്‍ ഗാന്ധിക്കെതിരായ ബ്രിട്ടീഷ് പൗരത്വ കേസ് ഇനി ലഖ്നോ കോടതിയില്‍, കേസ് കൈമാറാന്‍ ഹൈക്കോടതിയുടെ അനുമതി
ലഖ്നോ: രാഹുല്‍ ഗാന്ധിക്കെതിരായ ബ്രിട്ടീഷ് പൗരത്വ കേസ് റായ്ബറേലിയില്‍ നിന്ന് ലഖ്‌നോവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ഹരജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് സ്വീകരിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്ത് വിഘ്‌നേഷ് ശിശിര്‍ എന്ന ബിജെപിക്കാരനാണ് കോടതിയെ സമീപിച്ചത്. ഈ പരാതി റായ് ബറേലിയിലെ ഒരു പ്രത്യേക കോടതിയിലാണ് പരിഗണിക്കുന്നത്. റായ് ബറേലിയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് ലഖ്നോവിലെ ഒരു പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിശിര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചില ഇമെയിലുകളും തന്റെ പക്കലുണ്ടെന്നുമാണ് ഇയാളുടെ വാദം. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനായതിനാല്‍ തന്നെ ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ഇയാള്‍ പൊതുതാല്‍പപ്പര്യ ഹരജിയിലൂടെ അവകാശപ്പെട്ടിരുന്നു.