ലണ്ടന്‍: ജൂലൈ 19ഓടെ ബ്രിട്ടനിലെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു. പൊതുയിടങ്ങളില്‍ മാസ് ധരിക്കണമെന്നതടക്കമുളള നിയന്ത്രണങ്ങളും സാമൂഹിക അകലം, വര്‍ക്ക് ഫ്രം ഹോം നിര്‍ദേശങ്ങളും പിന്‍വലിക്കും.
വാക്‌സിന്‍ കൊവിഡുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഗുരുതരമാകുന്ന സ്ഥിതിവിശേഷത്തെ തടയുമെന്ന് അദ്ദേഹം എന്‍എച്ച്‌കെ വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നിയമപരമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്.
അതേസമയം ആശുപത്രി വാസവും മറ്റും തുടരുമെങ്കിലും പഴയ പോലെ അധികം പേര്‍ക്കും വേണ്ടിവരില്ലെന്നും മഹാമാരി കാലം അവസാനിച്ചിട്ടില്ലെന്ന് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജൂലൈ 19ഓടെ ഒറ്റയടിക്ക് കൊവിഡ് പൂര്‍വ കാലത്തേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയില്ല. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുന്നത് നല്ലതാണെന്നും അത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം ശീലങ്ങള്‍ നിയമപരമായ ബാധ്യതയാക്കിമാറ്റുന്നതാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും ധാരാളമുണ്ട്. ഇപ്പോഴും രാജ്യത്ത് 30,000ത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നത്.