ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് കൈക്കൂലി: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍

Update: 2022-12-19 05:37 GMT

ഇടുക്കി: കുമളിയില്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായി. വേഷം മാറിയെത്തിയാണ് വിജിലന്‍സ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തു.

അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകരില്‍നിന്നും പെര്‍മിറ്റ് സീല്‍ ചെയ്യാന്‍ കുമളി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലന്‍സിനു ലഭിച്ച പരാതി. ഇതന്വേഷിക്കാന്‍ രാത്രിയില്‍ വേഷം മാറി തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇവിടെയെത്തിയ ഇവരോട് 1,000 രൂപയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജും സഹായി ഹരികൃഷ്ണനും ചേര്‍ന്ന് വാങ്ങിയത്.

ഡ്യൂട്ടി സമയത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മദ്യപിച്ചിരുന്നെന്നും വിജിലന്‍സ് കണ്ടെത്തി. ഇയാള്‍ മദ്യപിച്ചിരുന്നെന്ന മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ടടക്കമാണ് ഇവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതോടെ ഇരുവരെയും ചുമതലയില്‍നിന്ന് മാറ്റി. ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടായേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags: