ബിആര്‍സി ക്രിക്കറ്റ് 2022: ഓറിയോണും ഗാലക്‌സിയും ഫൈനലില്‍

Update: 2022-02-07 09:15 GMT

ജിദ്ദ: ജിദ്ദയില്‍ നടന്നു വരുന്ന കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബിആര്‍സി ജിദ്ദയുടെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലീഗ് റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഓറിയോണും രണ്ടാമതെത്തിയ ഗാലക്‌സിയും ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഗാലക്‌സി യൂനിവേഴ്‌സലിനെ 12 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഓറിയോണ്‍ ഹോറിസോണിനെ 11 റണ്‍സിനും പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.

ഫൈനലില്‍ എത്താന്‍ ഒരു ടീമുകള്‍ക്കും ജയം നിര്‍ബന്ധമായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ യൂനിവേഴ്‌സ് ഗാലക്‌സിയെ ബാറ്റിങ്ങിനയച്ചു, സാവധാനം അടിച്ചുതുടങ്ങിയ ഗാലക്‌സിക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ നിസ്‌വറിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അബ്ദു സലാഹും (41 റണ്‍സ്) ജെറീരും (22 റണ്‍സ്) ചേര്‍ന്ന് 70 റണ്‍സിന്റെ ശക്തമായ കൂട്ടൂകെട്ടുണ്ടാക്കി ടീമിനെ 10 ഓവറില്‍ 89 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. 90 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന്ന് ഇറങ്ങിയ യൂനിവേഴ്‌സിനു വേണ്ടി റൈഫാന്‍ (34 റണ്‍സ്) തകര്‍ത്തു കളിച്ചെങ്കിലും 11 റണ്‍സ് വീതമെടുത്ത റിസ്‌വാനും അഭിലാഷും ഒഴികെയുള്ളവര്‍ നിരാശരാക്കി. 10 ഓവറുകള്‍ പിന്നിട്ടപ്പോള്‍ സ്‌കോര്‍ 12 റണ്‍സ് അകലെ 77 ല്‍ അവസാനിച്ചു. യൂനിവേഴ്‌സലിന് വേണ്ടി റൈഫാന്‍ 2 വിക്കറ്റെടുത്തു.

രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓറിയോണ്‍ ക്യാപ്റ്റന്‍ ഉമ്മര്‍ സഞ്ജുവിന്റെ (39 റണ്‍സ്) തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ സഹായത്തോടെ 10 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എടുത്തു, സര്‍ഫ്രാസ് കെ വി 12ഉം യാസിദ് 9ഉം ഫജല്‍ 8ഉം സയ്യദ് നാഫി, റിയാസ് എന്നിവര്‍ 7 വീതവും റന്‍സുകളെടുത്തു. ഹോറിസോണിന് വേണ്ടി മുഹാജിറും (3 വിക്കറ്റ്) സെലിനും (2 വിക്കറ്റ്) ഒന്നാന്തരമായി പന്തെറിഞ്ഞു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോറിസോണ്‍ ക്യാപ്റ്റന്‍ മുഹാജിറിന്റെ (43 റണ്‍സ്) വെടിക്കെട്ട് ബാറ്റിങ്ങോടെ തുടങ്ങിയെങ്കിലും ജയിക്കാനാവശ്യമായ 97 റണ്‍സെന്ന കടമ്പ കടക്കാനായില്ല, സെലിനും (23 റണ്‍സ്) സഫീറും (16 റണ്‍സ്) പൊരുതിക്കളിച്ചു. കൃത്യതയോടെ പന്തെറിഞ്ഞ ഹാഫിസും ഉമ്മര്‍ സഞ്ജുവും ഓറിയോണിന് വേണ്ടി ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യ കളിയില്‍ ഗാലക്‌സിക്ക് വേണ്ടി വിലപ്പെട്ട 41 റണ്‍സെടുക്കുകയും യൂനിവേഴ്‌സലിന്റെ പ്രധാനപ്പെട്ട വിക്കറ്റെടുക്കുകയും ചെയ്ത അബ്ദു സലാഹും, രണ്ടാമത്തെ കളിയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീം ഓറിയോണിനെ മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ ഉമ്മര്‍ സഞ്ജുവും കളിയിലെ കേമന്മാരായി. മാന് ഓഫ് ദി മാച്ചിനുള്ള ട്രോഫികള്‍ അബ്ദു സലാഹിന് സക്കറിയ പി.എന്‍.എമ്മും, ഉമ്മര്‍ സഞ്ജുവിന് അഫ്‌സല്‍ സി.ടിയും സമ്മാനിച്ചു.

Tags:    

Similar News