മൽസരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ ബോക്സർക്ക് ദാരുണാന്ത്യം

Update: 2019-07-24 10:42 GMT

മേരിലാന്‍ഡ്: ബോക്‌സിങ് മൽസരത്തിനിടെ തലയ്ക്ക് പരിക്കേറ്റ റഷ്യന്‍ ബോക്‌സര്‍ മാക്‌സിം ദദാഷേവ്(28) മരിച്ചു. മേരിലാന്‍ഡില്‍ വച്ച്‌ നടന്ന ബോക്‌സിങ്ങിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ചൊവ്വാഴ്ച അദ്ദേഹം മരിച്ചതായി റഷ്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച സബ്രിയേൽ മാത്തിയസുമായുള്ള മൽസരത്തിനിടെ 11ാം റൗണ്ടിലാണ് ദദാഷേവിന് തലയ്ക്ക് ഇടിയേറ്റത്. തുടർന്ന് മൽസരം നിർത്തിവച്ചു. ഡ്രെസ്സിങ് റൂമിലേക്ക് പോകവെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മസ്തിഷ്‌കത്തില്‍ പരിക്കേറ്റതായി പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ഇഎസ്‌പിഎന്‍ ചാനലില്‍ തൽസമയം മൽസരം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു.

അതേസമയം, ദദാഷേവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് റഷ്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ വ്യക്തമാക്കി.ഭാര്യ എലിസവെറ്റ അപുഷ്‌കിന ഭര്‍ത്താവിന്റെ മരണം സ്ഥിരീകരിച്ചു. 'വളരെ ദയയുള്ള മനുഷ്യനായിരുന്നു അദ്ദേഹം. അവസാനശ്വാസം വരെ അദ്ദേഹം പോരാടി. അദ്ദേഹത്തെ പോലെ വലിയൊരു മനുഷ്യനായി ഞങ്ങളുടെ മകനെ ഞാന്‍ വളര്‍ത്തും,' എലിസവെറ്റ പറഞ്ഞു.