കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി; കൂടുതല്‍ വില ഈടാക്കിയാല്‍ കര്‍ശന നടപടി
കഴിഞ്ഞ മാസം 12ന് ആണ് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് 13 രൂപയായി നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു. 13 രൂപയില്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ബിഐഎസ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം അടങ്ങിയ കുപ്പിവെള്ളം മാത്രമേ ഇനി മുതല്‍ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മാസം 12ന് ആണ് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചത്.
ആവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നടപടി. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് അധിക തുക ഈടാക്കുന്നതായി വ്യാപകമായി പരാതി ലഭിച്ചിരുന്നു. 20 രൂപക്കാണ് ഇപ്പോള്‍ കടകളില്‍ വെള്ളം വില്‍ക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരത്തിലും കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അനധികൃത കുപ്പിവെള്ള പ്ലാന്റുകള്‍ നിയന്ത്രിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയ ശേഷം സംസ്ഥാനത്ത് കര്‍ശന പരിശോധന ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.