ത്രിപുരയിലെ ഭരണകൂട ഭീകരതയെ അപലപിച്ച് ബോസ്റ്റൻ തെക്കേഷ്യന്‍ സഖ്യം

Update: 2021-11-07 13:56 GMT

ബോസ്റ്റണ്‍: വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ് ദളിന്റെയും ഹിന്ദു ജാഗ്രന്‍ മഞ്ചിന്റെയും നേതൃത്വത്തില്‍ ത്രിപുരയില്‍ മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ബോസ്റ്റൻ തെക്കേഷ്യന്‍ സഖ്യം. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും സംഘടന  പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. 

ഒക്ടോബര്‍ 26ന് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം നടന്നതിന്റെ മറവിലാണ് ത്രിപുരയില്‍ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മുസ് ലിംകള്‍ക്കെതിരേ അതിക്രമം തുടങ്ങിയത്. സംസ്ഥാനത്ത് 15ഓളം പള്ളികളും നിരവധി സ്ഥാപനങ്ങളും വീടുകളും ഹിന്ദുത്വര്‍ ആസൂത്രിതമായി തകര്‍ത്തു. അക്രമസംഭവങ്ങളില്‍ നിന്ന് ഹിന്ദുത്വരെ പിന്തിരിപ്പിക്കുന്നതിനു പകരം പോലിസ് അവര്‍ക്ക് അനുകൂലമായി നീങ്ങുകയാണ് ചെയ്തത്. ആക്രമിക്കപ്പെടുമെന്ന് അറിയാമായിരുന്നിട്ടും ആവശ്യമായ സംരക്ഷണം നല്‍കിയില്ല. ത്രിപുരയിലെ ജനസംഖ്യയില്‍ വെറും പത്ത് ശതമാനമാണ് മുസ്‌ലിംകളുടെ എണ്ണം. പ്രകോപനങ്ങള്‍ക്കിടയിലും പോലിസ് ഹിന്ദുത്വര്‍ക്ക് ഒത്തുചേരാന്‍ അനുമതി നല്‍കിയത് പ്രശ്‌നം വഷളാക്കി. ത്രിപുരയിലെ മുസ് ലിംകളെ പാഠം പഠിപ്പിക്കുമെന്നായിരുന്നു ഹിന്ദുത്വര്‍ പ്രചരിപ്പിച്ചത്. ഹിന്ദുക്കളെ ബിജെപിയോടൊപ്പം അണിചേര്‍ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മയും മറ്റ് ചൂഷണങ്ങളും വര്‍ധിച്ചുവരുമ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ട് ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമം. ദേശീയ തലത്തില്‍ തൊഴിലില്ലായ്മയുടെ നിരക്ക് 7.7 ശതമാനമായിരിക്കുമ്പോള്‍ ത്രിപുരയില്‍ ഇത് 9.9 ശതമാനമാണ്- സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അഗര്‍ത്തലയില്‍ ഇരകള്‍ക്കുവേണ്ടിവാദിച്ച പിയുസിഎല്‍ നേതാക്കളായ അഡ്വ. മുകേഷിനും അഡ്വ. അന്‍സാര്‍ ഇന്‍ഡോരിക്കും എതിരേ പോലിസ് കടുത്ത വകുപ്പുകളോടെ കേസെടുത്തിരിക്കുകയാണ്. ത്രിപുര പോലിസും സര്‍ക്കാരും സംഘര്‍ഷ സമയത്ത് വേണ്ട വിധം ഇടപെട്ടില്ലെന്ന് ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതാണ് പോലിസിനെ പ്രകോപിപ്പിച്ചത്. ഫെബ്രുവരി 2020ന് ഡല്‍ഹിയില്‍ നടന്ന വംശഹത്യക്കു തുല്യമാണ് ഇപ്പോള്‍ ത്രിപുരയിലും സംഭവിക്കുന്നതെന്നും സഖ്യം ചൂണ്ടിക്കാട്ടി.

പള്ളികളും മറ്റ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കാതിരുന്ന മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തുക, മുഖ്യമന്ത്രികൂടിയായ ആഭ്യന്തര മന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് നീക്കുക, പള്ളികള്‍ പുനര്‍നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുക, അഭിഭാഷകരായ മുകേഷിനും അന്‍സാര്‍ ഇന്‍ഡോരിക്കുമെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, പൗരന്മാരെ വിചാരണയില്ലാതെ ദീര്‍ഘകാലം ജയിലിലിടുന്ന യുഎപിഎ നിയമം പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.