റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോണ്‍സണ്‍. സന്ദര്‍ശനം റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ തുര്‍ന്ന് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്.
പുതിയ വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി പകുതിവരെയാണ് നിലവില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 27,000ത്തോളം പേര്‍ കൊവിഡ് ബാധിതരായി ആശുപത്രിയിലാണുള്ളത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായ ആദ്യ കൊവിഡ് തരംഗത്തേക്കാള്‍ 40 ശതമാനം കൂടുതലാണ് ഇത്.