അതിര്‍ത്തിത്തര്‍ക്കം പുകയുന്നു; അസം, മിസോറാം അതിര്‍ത്തിയില്‍ ആറ് പോലിസുകാര്‍ കൊല്ലപ്പെട്ടെന്ന് അസം മുഖ്യമന്ത്രി
ദിസ്പൂര്‍: അസം സര്‍ക്കാരും മിസോറം സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. അസം, മിസോറം സംസ്ഥാന അതിര്‍ത്തികളില്‍ ആറ് അസം പോലിസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ അതിര്‍ത്തിത്തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടയിലാണ് അസം മുഖ്യമന്ത്രി പ്രകോപനപരമായ വിവരവുമായി രംഗത്തുവന്നത്.
അസം, മിസോറാം സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭരണഘടനാപരമായി നിര്‍ണയിച്ച അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അസം പോലിസിലെ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അസമും മിസോറാമും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം മിസോറാം മുഖ്യമന്ത്രി സൊറംത്തന്‍ഗയും അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസും തമ്മില്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
അസം മിസോറാം അതിര്‍ത്തിയില്‍ ഇന്ന് രാവിലെ വീണ്ടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രദേശത്ത് വെടിവയ്പ്പുണ്ടായതായും സര്‍ക്കാര്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തു. അസമിലെ കാച്ചാര്‍ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവയ്ക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്.
