കാബൂള്‍ വിമാനത്താവളത്തിനു മുന്നില്‍ ബോംബ് സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 60 ആയി

Update: 2021-08-27 01:25 GMT

കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മൂന്നില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അറുപതായി. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 12 യുഎസ് മറീനുകളുമുണ്ട്. നൂറില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ യുഎസ് സേനാംഗങ്ങളും ഉള്‍പ്പെടുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 

ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിത്രവും പങ്കുവച്ചു.

വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്‌ഫോടനം നടന്നത്. വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹോട്ടലിലും സ്‌ഫോടനമുണ്ടായി.

മൂന്നാമതൊരു സ്‌ഫോടനം കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. താലിബാന്‍ വാഹനം സ്‌ഫോടനവസ്തുക്കളള്‍ നിറച്ച വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അത്. സെന്‍ട്രല്‍ കാബൂളിലാണ് സംഭവം.

കാബൂളില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാബൂളിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നേരത്തെത്തന്നെ നിര്‍ദ്ദേശിച്ചിരുന്നു. വ്യക്തമാക്കാത്ത 'സുരക്ഷാ ഭീഷണികള്‍' ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം നല്‍കിയത്. സമാനമായ നിര്‍ദേശം ബ്രിട്ടനും ആസ്‌ത്രേലിയയും നല്‍കിയിരുന്നു.

Tags:    

Similar News