കട്ടിലിനടിയില്‍ നിന്ന് യുവതിയുടെയും മകളുടെയും മൃതദേഹം കണ്ടെത്തി; പ്രതി ഒളിവില്‍

Update: 2026-02-22 08:11 GMT

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരിത വിഹാര്‍ പ്രദേശത്ത് 35 വയസ്സുള്ള യുവതിയെയും ആറുവയസ്സുള്ള മകളെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ പ്രതിയായി തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായും പോലിസ് പറഞ്ഞു.

ഇന്നലെ രാത്രി 10.30ഓടെ ആലി വിഹാറിലെ ഒരു വീട്ടില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിടക്കയുടെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അന്വേഷണത്തിനായി ഓപ്പറേഷണല്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ക്രൈം ടീമിനൊപ്പം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചതായും പോലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതായി പോലിസ് അറിയിച്ചു.

യുവതിയും കുടുംബവും താമസിച്ച അതേ കെട്ടിടത്തില്‍ താമസിക്കുന്ന അക്കൗണ്ടന്റായ ദീന്‍ ദയാല്‍ (35) ആണ് കേസിലെ പ്രതി. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവസമയത്ത് യുവതിയുടെ മറ്റു രണ്ടു കുട്ടികള്‍ സ്‌കൂളില്‍ പോയിരിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ അറിയിച്ചു. ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പുറത്തിരുന്ന നിലയില്‍ കണ്ടെത്തി. വാതില്‍ അടച്ചിട്ടിരിക്കുകയാണെന്നും വിളിച്ചിട്ടും തുറക്കുന്നില്ലെന്നും കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് വീട്ടുപകരണങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Tags: