നിര്‍ഭയ പ്രതികള്‍ മരിച്ചത് സെര്‍വിക്കല്‍ വെര്‍ട്ടിബ്രേറ്റിന്റെ സ്ഥാനചലനം മൂലമോ ശ്വാസം മുട്ടിയോ? മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് കോടതിവിധിയുടെ ഭാഗമായി

ഇന്ത്യയില്‍ പരിചയ സമ്പന്നരായ ആരാച്ചാര്‍മാരുടെ കുറവുണ്ടെന്ന 2014 ജനുവരിയിലെ ശത്രുഘ്‌നന്‍ ചൗഹാന്റെ കേസിലെ കോടതി നിരീക്ഷണത്തിന്റെ ഭാഗമയാണ് തൂക്കിലേറ്റവരുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമാക്കിയത്.

Update: 2020-03-20 04:22 GMT

ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ തൂക്കിക്കൊന്ന നിര്‍ഭയ പ്രതികളായ നാലു പേരുടെയും മൃതദേഹങ്ങള്‍ തിഹാര്‍ ജയിലില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് അവ ബന്ധുക്കള്‍ക്ക് കൈമാറും. ഇന്ത്യയില്‍ പരിചയ സമ്പന്നരായ ആരാച്ചാര്‍മാരുടെ കുറവുണ്ടെന്ന 2014 ജനുവരിയിലെ ശത്രുഘ്‌നന്‍ ചൗഹാന്റെ കേസിലെ കോടതി നിരീക്ഷണത്തിന്റെ ഭാഗമയാണ് തൂക്കിലേറ്റവരുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമാക്കിയത്. മരണം നടന്നത് സെര്‍വിക്കല്‍ വെര്‍ട്ടിബ്രേറ്റിന് സ്ഥാനചനലം നടന്നാണോ അതോ ഏറെ നേരം തൂങ്ങിക്കിടന്ന് ശ്വാസം മുട്ടിയാണോ എന്ന് അതിലൂടെ കണ്ടെത്താനാവും.

ദീന്‍ദയാല്‍ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. ഇന്ന് രാവിലെ 5.30നായിരുന്നു നാലു പേരെയും തൂക്കിക്കൊന്നത്. തുടര്‍ന്ന് 8.2ം ന് ദീനദയാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

മൃതദേഹങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ മാധ്യമങ്ങളെ അറിയിച്ചു. പക്ഷേ, മൃതദേഹങ്ങളുമായി പ്രകടനം നടത്തില്ലെന്ന് ബന്ധുക്കള്‍ എഴുതി നല്‍കിയശേഷം മാത്രമേ അവ വിട്ടുനല്‍കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ക്രമീകരണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സൂപ്രണ്ട് ജില്ലാ മജിസ്‌ട്രേറ്റിനെയും ഡപ്യൂട്ടി കമ്മീഷണറെയും കാണുന്നുണ്ട്.

മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്.

2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് നിര്‍ഭയ എന്ന് മാധ്യമങ്ങള്‍ പേരിട്ടുവിളിച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. കേസില്‍ ഒന്നാം പ്രതി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവ്ശിക്ഷയ്ക്കു ശേഷം മോചിതനായി.




Tags:    

Similar News